ഔദ്യോഗികമായി നടത്തുന്ന ആദ്യ സമ്മേളനമാണ് ഇത്. ലോഗോ പ്രകാശനത്തോടെ അജ് വാ ഫൗണ്ടേഷൻ നിലവിൽ വന്നു. കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഗോ പ്രകാശനം ചെയ്ത് അജ് വാ ഫൗണ്ടേഷൻ ഉത്ഘാടനം നിർവ്വഹിച്ചത്. ഇന്ത്യാ രാജ്യത്ത് കേരള സംസ്ഥാനത്ത് കാസറഗോഡ് ജില്ലയിൽ കാസറഗോഡ് ടൗണിലാണ് ഫൗണ്ടേഷൻ്റെ കാര്യാലയം. കാശ്മീർ ഒഴികെയുള്ള ഭാരത രാജ്യത്തിനകമാണ് ഫൗണ്ടേഷൻ്റെ പ്രവർത്തന പരിധി. മൂന്ന് മാസങ്ങൾക്കുള്ളിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യാനും അതിൽ പലതും ആരംഭിക്കാനും സാധിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുതൽ ഇന്ത്യൻ പ്രസിഡൻ്റ് വരെയുള്ളവർക്ക് കത്തിടപാടുകൾ നടത്താനും അതിന് പലതിനും മറുപടി കൈപ്പറ്റാനും ഇക്കാലയളവിൽ സാധിച്ചു. ഇക്കാലത്ത് ഇടിത്തീയായി ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന കൊറോണ വൈറസ് വ്യാപനത്തിൽ നടുങ്ങി വീട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസം എത്തിക്കാൻ സാധിച്ചു.
2020 ജൂൺ 1 മുതൽ ആരംഭിച്ച ഫൗണ്ടേഷൻ്റെ കാര്യാലയം, സാമൂഹ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ സഹായിക്കുന്നുണ്ട്. ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഉദ്ദേശ ലക്ഷ്യങ്ങളും ഭരണഘടനയും സർക്കാറിൻ്റെ അനുമതി തേടി കാത്തിരിക്കുന്നു.വളരെ ഏറെ പ്രാധാന്യത്തോടെയാണ് ഇഷ്ട നേതാവിൻ്റെ നാമധേയത്തിലുള്ള സംഘാടനത്തെ ജനങ്ങൾ നോക്കിക്കാണുന്നത്. അജ് വ ഫൗണ്ടേഷൻ്റെ പ്രധാനപ്പെട്ടതും ആകർഷണീയകവുമായ ഒരു പദ്ധതിയാണ് സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകരേയും സംഘടനകളേയും ആദരവ് നൽകി അനുമോദിക്കുക എന്നത്. അതിന് വേണ്ടി ഫൗണ്ടേഷൻ തീരുമാനം എടുക്കുകയും വാർത്ത മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച് എൻട്രികൾ ക്ഷണിക്കുകയും ചെയ്തു. ആദരവിന് 'സല്യൂട്ട് അവാർഡ്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കോവിഡ് -19 ലോക്ക്ഡൗൺ കാലമായ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ കാസറഗോഡ് ജില്ലയിലേയും ഗൾഫ് നാടുകളിലേയും മികച്ച പ്രവർത്തകരേയും മികച്ച സംഘടനകളേയും ആദരിക്കുകയാണ് ഉദ്ദേശം. അവാർഡിന് അർഹരായ വ്യക്തികളേയും സംഘടനകളേയും നേരിട്ട് അന്വേഷിച്ച് കണ്ടെത്തുന്നത് ഇക്കാലയളവിൽ ഏറെ ശ്രമകരമാണെന്ന് അറിയാമല്ലോ. ആയതിനാലും ഈ വിഷയത്തിൽ പരാതികളും വിവാദങ്ങളും ഒഴിവാക്കാനുമാണ് എൻട്രികൾ ഇമെയിലിലൂടെ സ്വീകരിച്ചത്. മികച്ച പ്രതികരണം ലഭിച്ച നോമിനേഷൻ പ്രക്രിയ പൂർത്തിയായ ഉടനെ സ്വതന്ത്ര അവാർഡ് ജ്യൂറിയെ നിയമിക്കുവാൻ സാധിച്ചു. ജില്ലക്കകത്തും പുറത്തും വ്യത്യസ്ത മേഘലകളിൽ നിറഞ്ഞു നിൽക്കുന്ന അറിവിൻ്റേയും പരിചയ സമ്പന്നരുടേയും ഒരു ദശാവതാരമാണ് അവാർഡ് ജ്യൂറിയിലൂടെ ഫൗണ്ടേഷൻ നടത്തിയത്. പ്രിയ നേതാവിൻ്റെ പേരിലുള്ളതായതിനാൽ സൗജന്യമായാണ് അവാർഡ് നിർണ്ണയ പരിശോധനകൾ നടത്തുവാൻ ജ്യൂറികൾ തയ്യാറായി മുന്നോട്ട് വന്നത്. ഏവരും ആദരിക്കുന്ന അഭിമാന നേതാവിൻ്റെ പേരിലുള്ള അവാർഡ് ജ്യൂറി ടീമംഗം ആയി നിശ്ചയിച്ചതിൽ അവർ നന്ദിയും കടപ്പാടും അറിയിച്ചു.
ഓൺലൈനിൽ നടന്ന നോമിനേഷൻ ഡാറ്റാ ശേഖരണവും വിധി നിർണ്ണയവും ദിവസങ്ങൾ കടന്ന് പോയി. ഇന്ന് (14.9.2020) രാവിലെ കാസറഗോട്ട് ഫൗണ്ടേഷൻ ആസ്ഥാനത്ത് ജ്യൂറി അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇരുന്ന് നേരത്തെ ഓൺലൈനിൽ നടത്തിയ വിധി നിർണ്ണയങ്ങൾ ക്രോഡീകരണം നടത്തി. ജ്യൂറി ചെയർമാൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇപ്പോൾ ആ വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആകെ 25 അവാർഡുകളുടെ നോമിനേഷനുകളാണ് ലോക്ക്ഡൗൺ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രദേശിക അടിസ്ഥാനത്തിൽ പരിഗണിച്ചത്. വരും കാലങ്ങളിൽ വിദ്യാഭ്യാസ, ആരോഗ്യ, മാധ്യമ മേഘലകളിലൂടെ മികച്ച പ്രവർത്തനം നടത്തിയവരെക്കൂടി അനുമോദിക്കുന്ന അവാർഡ് ദാന യജ്ഞം തുടരും.
കാസറഗോഡ് ജില്ലയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ വികസന ജനക്ഷേമ രംഗത്ത് മരണം വരെ നിറഞ്ഞ് നിന്ന ജന നേതാവായിരുന്നു ചെർക്കളം അബ്ദുള്ള. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ കാണിച്ച ചടുലമായ, നിർഭയത്തോടെയുള്ള, കൃത്യനിഷ്ഠയോടെയുള്ള ശൈലി പുതീയ ലോകത്തിന് പരിചയപ്പെടുത്തുക, ആ ചരിത്ര ഓർമ്മകൾ ജനമനസ്സിൽ നിലനിർത്തുക, അദ്ദേഹത്തിൻ്റെ ആശകളും അഭിലാഷങ്ങളും സ്വപ്നങ്ങളും തുടരുക എന്നതാണ് അജ് വാ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
വിവിധ ഉദ്ദേശ ലക്ഷ്യങ്ങളുമായി അജ് വാ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ തുടരുകയാണ്. അജ് വാ ഫൗണ്ടേഷൻ്റെ ആദ്യത്തെ ജനകീയ ചുവട് വെപ്പ് ആയിരുന്നു സല്യൂട്ട് അവാർഡ് എന്ന പേരിൽ ലോക്ക് ഡൗൺ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തകർക്കും സംഘടനകൾക്കും നൽകുന്ന അനുമോദനം. അജ് വാ ഫൗണ്ടേഷൻ്റെ പ്രധാന പ്രവർത്തന മേലല സാമൂഹ്യ സേവന, ജീവകാരുണ്യ, പ്രകൃതി സംരക്ഷണ, ജനക്ഷേമ, മനുഷ്യാവകാശ സംരക്ഷണങ്ങളാണ്.
അജ് വാ ഫൗണ്ടേഷൻ്റെ തുടർ പ്രവർത്തനങ്ങൾ സൊസൈറ്റി രജിസ്ട്രേഷൻ ഡോക്യുമെൻ്റിലൂടെ ആർക്കും വായിച്ച് മനസ്സിലാക്കാം. അത് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
ദൈനംദിന വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ഒദ്യോഗിക വാർത്താ മാധ്യമങ്ങളുടേയും, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടേയും, ഓൺലൈൻ ചാനലുകളുടേയും, മത, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ സംഘടനകളുടേയും, പ്രവർത്തകരുടേയും, കലാ-കായിക-സാംസ്കാരിക ക്ലബ്ബുകളുടേയും, വികസന, ക്ഷേമ ദാഹികളായ നിക്ഷ്പക്ഷരായ മുഴുവൻ ജനങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.